Showing posts with label vishnu unnikrishnan. Show all posts
Showing posts with label vishnu unnikrishnan. Show all posts

Friday, May 29, 2015

ആത്മാവിന്റെ അവസാനം

പാപത്തിന്റ പ്രളയം മൂടികിടക്കുന്ന ഭൂമിയിൽ നിരപരാധികളുടെ മേൽ മരണചക്രം കയറ്റിയിറക്കിയ താരരാജാവിനെയും  അഴിമതിയെ അധികാരം കൊണ്ട് വിശുദ്ധീകരിച്ച 'അമ്മ'-യെയും വീണ്ടും സ്വതന്ത്രവിഹാരത്തിന് അനുവദിച്ച നീതിന്യായദേവതയുടെ ഉച്ച്വാസവായു കലർന്ന് മലിനപ്പെട്ട അന്തരീക്ഷത്തിന്റ വിഷപ്പുക ശ്വസിച്ച് മരണപ്പെട്ട  അവളുടെ ഗർഭപാത്രത്തിൽ കുടുങ്ങിപ്പോയ കുഞ്ഞിന്റെ ആത്മാവ് അകത്തേക്കോ പുറത്തേക്കോ എന്നറിയാതെ ഉഴറി നില്ക്കവേ കപട രാഷ്ട്രീയക്കാരന്റെ റീത്തിനാൽ ചതഞ്ഞ് രണ്ടാമതും മരിച്ചു !!

Saturday, February 1, 2014

തിരി..

കാർമേഘങ്ങളുടെ മാറാല നീക്കി, അൽപം ശ്വാസം കിട്ടാനെന്നവണ്ണം തല പുറത്തേക്കിടാൻ വെമ്പൽ കൊള്ളുന്ന ചന്ദ്രനെ നോക്കി, അവളേയും മാറോടടുക്കി ഞാനിരിക്കെ പെട്ടെന്നായിരുന്നു അവൾ ചോദിച്ചത് ..

"എന്തു മണാല്ലേ ഗോപേട്ടാ  ഈ സാംബ്രാണിക്ക് ?!!"

"എന്തോ..എനിക്കീ ഗന്ധം പണ്ടേ വെറുപ്പാണ്.."  

തെല്ലോരമ്പരപ്പോടെ അവൾ ചോദിച്ചു :  "അതെന്താ?"

" എന്റെ  അച്ഛൻ മരിച്ചപ്പോ അവിടെ തളം കെട്ടി നിന്നത് ഈ ഗന്ധമായിരുന്നു!മരണത്തിന്റെ ഭീകരതയോ ഭീതിയോ ഒന്നും തിരിച്ചറിയാനാകാത്ത ചെറുപ്രായം ആയിരുന്നെങ്കിലും എന്തോ..അന്നേ എനിക്കീ ഗന്ധം ഇഷ്ടമല്ലായിരുന്നു..

കൃത്യം 15 വർഷങ്ങൾക്ക്‌ ശേഷം എന്റെ അമ്മയുടെ ചിത എരിഞ്ഞടങ്ങിയപ്പോഴും ഇതേ ഗന്ധമായിരുന്നു ..

ഇന്നിപ്പോ ഈ പുകച്ചുരുളുകൾ എന്റെ  ആത്മാവിനു കൂട്ടയിട്ടാണ് ഉയരുന്നത് എങ്കിലും..

എന്തോ..എനിക്കിന്നും ഈ ഗന്ധം വെറുപ്പു തന്നെ!!"

കാരമുള്ളിൽ ചവുട്ടിയ പോലെ അവൾ പിടഞ്ഞെനീറ്റപ്പോഴേക്കും കാർമേഘങ്ങൾ ചന്ദ്രനെ മുഴുവനായും വിഴുങ്ങിക്കഴിഞ്ഞിരുന്നു!