Saturday, March 5, 2011

ശ്രുതിപ്പെട്ടിയും ഗുരുനാഥനും പിന്നെ കുറേ തരികിടകളും!

ബൂലോഗത്തിലെ എല്ലാ ചേട്ടന്മാര്‍ക്കും ചേച്ചിമാര്‍ക്കും അനിയന്മാര്‍ക്കും അനിയത്തിമാര്‍ക്കും നമോവാകം! നോക്കേണ്ട! വിനയം ഒന്നുമല്ല! ആദ്യത്തെ പോസ്റ്റ്‌ അല്ലെ..ഗണപതിക്ക്‌ വച്ചേക്കാം എന്ന് കരുതിയതാ! ഇതൊരു ശീലമാക്കണ്ട!  കുറച്ചു നാള്‍ കൊണ്ട് മനസ്സില്‍ ഉള്ളതാ ഒരു ബ്ലോഗ്‌ തുടങ്ങണം എന്ന്! പല പല കാരണങ്ങള്‍ കൊണ്ട് അതിങ്ങനെ നീണ്ടു നീണ്ടു പോയി! അങ്ങനെ ഇരിക്കുമ്പോഴാണ് എന്‍റെ മന്ദബുദ്ധിയായ സുഹൃത്ത്‌ ദീപക് എഞ്ചിനീയറിംഗ് പഠിത്തം പാതി വഴിയില്‍ ഉപേക്ഷിച്ച്‌ എന്‍റെ കൂടെ കൂടിയത്! അളിയന്‍ പണ്ടേ ഒരു അരക്കിറുക്കന്‍ ആണെന്ന് എനിക്ക് അറിയാമായിരുന്നു! ഒരു ബ്ലോഗ്‌ കൂടി ഉണ്ടെന്ന്‍ അറിഞ്ഞപ്പോ ഞാന്‍ ശെരിക്കും ഞെട്ടി! അവന്‍റെ ബ്ലോഗ്‌ പോസ്റ്റുകള്‍ വായിച്ചപ്പോഴാണ് അവന്‍ ഇത്ര വല്യ സംഭവം ആണെന്ന്‍ ഞാന്‍ അറിഞ്ഞത്! അതൊക്കെ കൂടി വായിച്ചപ്പോള്‍ ഒരു ബ്ലോഗ്‌ തുടങ്ങാനുള്ള  ആഗ്രഹം മനസ്സില്‍ ഇരട്ടിച്ചു!  അപ്പോഴും മനസ്സില്‍ ഒരു ചോദ്യം ബാക്കി നിന്നു! എന്ത് എഴുതും? അഥവാ എന്തെങ്കിലും എഴുതിയാല്‍ തന്നെ ഈ ബൂലോഗത്തിലെ പുലിമടയില്‍ പെട്ട ആട്ടിന്‍കുട്ടിയാകില്ലേ എന്‍റെ ബ്ലോഗ്‌? അവസാനം ഒരു ട്രെയിന്‍ യാത്രയുടെ ഇടയില്‍ പെട്ടെന്ന്‍ തോന്നിയ ആവേശത്തിന് ഉണ്ടാക്കിയതാണ് ഈ ബ്ലോഗ്‌!

എന്തായാലും ഞാന്‍ അധികം പറഞ്ഞു ബോറടിപ്പിക്കുന്നില്ല! ആദ്യ പോസ്റ്റ്‌ അല്ലെ, ഗുരുദക്ഷിണ വച്ച് തുടങ്ങാമെന്ന് കരുതി ആദ്യത്തെ പണി എന്‍റെ ഒരു എക്സ്- ഗുരുവിനു തന്നെ വയ്ക്കുകയാണ്! സംഗീതം പഠിക്കണം എന്നുള്ളത് പണ്ടേ എന്‍റെ ഒരു മോഹം ആയിരുന്നു!  എന്‍റെ കഴിവിനെക്കുറിച്ച് നല്ല ബോധ്യം ഉള്ള വീട്ടുകാര്‍ അതിനു സമ്മതിച്ചില്ല എന്ന് പറഞ്ഞ മതി! ഇടയ്കിടെ കമ്പ്യൂട്ടറില്‍ കരോക്കെ ഇട്ടു പാടി മിക്സ്‌ ചെയ്ത് കൂട്ടുകാരെ വെറുപ്പിച്ചു കൊണ്ട്  നടന്ന സമയത്താണ് ഐഡിയ സ്റ്റാര്‍ സിങ്ങര്‍ തരംഗം നാട്ടിലാകെ പടര്‍ന്നത്! അത് മുതലെടുത്ത്‌ വീട്ടുകാരെ ഒരു വിധം സമ്മതിപ്പിച്ചു ഞാന്‍ പാട്ടു പഠിത്തം ആരംഭിച്ചു! ഒരു പഴയ കൂട്ടുകാരന്‍റെ പിതാശ്രീ ആണ് എന്‍റെ ഗുരു (നമ്മുടെ കഥാ നായകനും) !  ആദ്യത്തെ ഒരൊറ്റ ക്ലാസ്സ്‌ കൊണ്ട് തന്നെ പുള്ളിയെ ഞാന്‍ പാട്ടിലാക്കി! കക്ഷിക്ക് ഒരു സ്റ്റുഡിയോ ഉണ്ട്. ഒരുവിധം നന്നായി പോളിഞ്ഞതയിരുന്നു! പിന്നെ എങ്ങനെ ഒക്കെയോ ഇപ്പൊ പൊക്കികൊണ്ട് വരുകയാണ്! SSLC പരീക്ഷയ്ക്ക് പോലും രാവിലെ എണീറ്റ്‌ പഠിച്ചിട്ടില്ലാത്ത ഞാന്‍ പാട്ടു പഠിക്കാന്‍ രാവിലെ 3 മണിക്ക് അലാറം വച്ചിട്ട് എണീറ്റ് കുളിച്ചു കുറിയും തൊട്ടു പോയി! എന്‍റെ മറ്റൊരു ചങ്ങാതിയേയും ഈ ഉദ്യമത്തില്‍ ഞാന്‍ പങ്കാളിയാക്കി! ( അവന്‍റെ ഉദ്ദേശം വേറെ ആയിരുന്നു! അത് വേറൊരു പോസ്റ്റില്‍ പറയാം ) അങ്ങനെ ഞാനും അവനും സംഗീതത്തിന്‍റെ വിശാലമായ വിഹായസ്സില്‍  അര്‍മാദിച്ചു അഴിഞ്ഞാടി പറന്നു നടന്നു!

ആ സമയത്ത് എനിക്ക് വെക്കേഷന്‍ ആയതിനാല്‍ ഞാന്‍ ഗുരുവിന്റെ 10   വര്‍ഷം പഴക്കം ഉള്ള പൊളിഞ്ഞ സ്റ്റുഡിയോയില്‍ ഇടയ്കിടെ പോയി പുള്ളിയുടെ ലാത്തിയടി കേള്‍ക്കാറുണ്ടായിരുന്നു! അങ്ങനെ ഇരുന്നപ്പോള്‍ പുള്ളി എവിടെ നിന്നോ ഒരു പഴയ കമ്പ്യൂട്ടര്‍ ഒപ്പിച്ചെടുത്തു! ഫോട്ടോഷോപ്പ് ന്‍റെ ABCD  അറിയാത്ത പുള്ളിക്ക് ഞാനായി ഗുരു. ഒരു മധ്യവയസ്കന്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകാവുന്ന എല്ലാ പ്രശ്നങ്ങളും പുള്ളിയ്ക്കും ഉണ്ടായി! അതുകൊണ്ട് പുള്ളി കമ്പ്യൂട്ടറില്‍ കാണിക്കുന്ന മണ്ടത്തരങ്ങള്‍ നേരെയാക്കാനായി എനിക്ക് അടിയ്ക്കടി സ്റ്റുഡിയോയില്‍ പോകേണ്ടി വന്നു! അങ്ങനെ ഞങ്ങള്‍ ഒന്ന് കൂടി അടുത്തു. ഊണും കാപ്പിയും എല്ലാം അവിടെ നിന്നായി! ആഴ്ചയില്‍ ഒന്നോ രണ്ടോ ആയിരുന്ന സംഗീത പഠനം എല്ലാ ദിവസവും ആക്കി! അങ്ങനെ ഇരിക്കുമ്പോളാണ് ഗുരു പറഞ്ഞത് സ്വരസ്ഥാനങ്ങള്‍ ഉറയ്ക്കണമെങ്കില്‍ ശ്രുതിപെട്ടി വച്ച് പാടണം എന്ന്! പുള്ളി തന്നെ ശ്രുതിപെട്ടി ഏര്‍പ്പടാക്കി തരാം എന്ന് പറഞ്ഞു എന്‍റെ അടുത്തു നിന്നും രൂപ 2000  വാങ്ങി കീശയിലാക്കി! പിന്നീട് കുറെ മാസങ്ങള്‍ കഴിഞ്ഞു! ശ്രുതിപെട്ടിയും ഇല്ല ശ്രുതിയും ഇല്ല! അതിനിടയില്‍ ഈ സംഗീത ശിരോമണി മദ്യപാനം, പുകവലി, പരദൂഷണം, കൂടെനിന്ന് കാലുവാരല്‍ തുടങ്ങി പറയാന്‍ കൊള്ളാതതായ  ദുശീലങ്ങളുടെ ഒരു കൂമ്പാരം ആണെന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നു! എന്നാലും ഗുരുവല്ലേ എന്ന് കരുതി ബഹുമാനത്തിനു ഞാന്‍ ഒരു കുറവും കാണിച്ചിരുന്നില്ല! ഇടയ്കിടെ ശ്രുതിപെട്ടിയുടെ കാര്യം ചോദിക്കുമ്പോഴെല്ലാം പുള്ളി പറഞ്ഞിരുന്ന ഒരു വാചകം ഉണ്ട്:

 "ഈ ശ്രുതിപെട്ടി എന്ന് വച്ചാല്‍ എന്താ നിങ്ങള്‍ കരുതിയിരിക്കുന്നത്? അത് ഒരു ജീവിതകാലത്തേക്ക് വേണ്ട വസ്തുവാണ്!  അത് കിട്ടാന്‍ അല്പം താമസം ഒക്കെ എടുക്കും! തേക്കിന്‍റെ തടിയില്‍ പണിഞ്ഞെടുക്കുകയാണ്. അതാ താമസം! "

മണ്ടനായ ഞാന്‍ അതും വിശ്വസിച്ച് അങ്ങനെ  ഇരിക്കുംമ്പോളാണ് എന്‍റെ ഒരു ചേട്ടന്‍റെ വീട്ടിലേക്കു ഞാന്‍ പോകാനിട വന്നത്! പുള്ളിയും ഒരു സംഗീതധ്യപകനാണ്. അവിടെ ഒരു ശ്രുതിപെട്ടി ഇരികുന്നത് കണ്ടപ്പോള്‍ ഞാന്‍ പുള്ളിയോട് കാര്യങ്ങള്‍ തിരക്കി!  അവിടെ നിന്നാണ് ഞെട്ടിക്കുന്ന കുറെ സത്യങ്ങള്‍ ഞാന്‍ അറിഞ്ഞത്! ശ്രുതിപെട്ടി ഒരു ഇലക്ട്രോണിക് ഉപകരണമാണ്. 600 രൂപ മുതല്‍ വാങ്ങാന്‍ കിട്ടും. ഒരു താമസവുമില്ല..കാശ് കൊടുത്താല്‍ അപ്പൊ ശ്രുതിപെട്ടി റെഡി! ഞാന്‍ ചതിക്കപെട്ടു എന്ന് ഞാന്‍ തിരിച്ചറിഞ്ഞു!  തിരിച്ചു വീട്ടില്‍ വന്നപ്പോള്‍ എങ്ങനെ എന്‍റെ കാശ് തിരിച്ചു വാങ്ങാം എന്നതായി എന്‍റെ ആലോചന! അതിനിടയില്‍ ചില കാരണങ്ങള്‍ കൊണ്ട് ഞാനും സംഗീതശിരോമണിയും തമ്മില്‍ അല്പം സുഖക്കേടിലായി. ഒരു ദിവസം രണ്ടും കല്‍പ്പിച്ചു ഞാന്‍ കാശ് വാങ്ങാനായി എന്‍റെ രണ്ടുറ്റ സുഹൃത്തുക്കളെയും കൂട്ടി സ്റ്റുഡിയോ  ആക്രമിക്കാന്‍ പുറപെട്ടു! എന്‍റെ സംഗീത പഠനത്തിലെ പങ്കാളിയെ ഞാന്‍ വിളിച്ചെങ്കിലും അവന്‍ അപ്പന്റെയും അമ്മയുടെയും ഒറ്റ മോനായത്‌ കൊണ്ട് ചില മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞു ഒഴിഞ്ഞുകളഞ്ഞു! എന്‍റെ കൂടെ വരുന്നവര്‍ക്കനെങ്കില്‍ എന്താ കാര്യം എന്ന് പോലും അറിയില്ല! എന്തെങ്കിലും പ്രശ്നം ഉണ്ടായാല്‍ പണ്ടേ ഒറ്റയ്ക്ക് നിന്ന് അടി കൊള്ളുന്ന സ്വഭാവം എനിക്കില്ല!  അത് കൊണ്ട് അവന്മാര്‍ക്ക് കൂടി വാങ്ങിച്ചു കൊടുക്കാം എന്ന് കരുതി കൊണ്ട് പോയെന്നെ ഉള്ളു! ഹി ഹി!

അങ്ങനെ വൈകിട്ട് ഏതാണ്ട് അഞ്ചര മണി അടുത്ത സമയത്ത് ഞങ്ങള്‍ എന്‍റെ ഹങ്ക് ബൈക്കില്‍ സ്റ്റുഡിയോയുടെ പരിസരത്തണഞ്ഞു! കയറി ചെന്നപ്പോള്‍ സംഗീതശിരോമണി അടിച്ചു കിണ്ടിയായിട്ടു അവിടെ ഇരിപ്പുണ്ട്! എന്നെ കണ്ടപ്പോ പുള്ളി പുക്ഞ്ഞത്തോടെ ഒരു കിണി കിണിച്ചു! ഞാന്‍ ചോദിച്ചു:

" കാശ് എവിടെ?"

ശിരോമണി: " ഇതു കാശ്?"

"ശ്രുതിപെട്ടി വാങ്ങാന്‍ തന്ന കാശ്!"

"അത് അടുത്താഴ്ച കിട്ടും!"

"എനിക്കിനി ശ്രുതിപെട്ടി വേണ്ട! ഞാന്‍ പാട്ട് പഠിത്തം    അവസാനിപ്പിച്ചു!"

"നന്നായി! അപ്പൊ ഫീസിന്‍റെ വകയില്‍ കരുതിക്കോ!"

"ഫീസ്‌ ഞാന്‍ തന്നിട്ടുണ്ടല്ലോ! "

"അത് 250  രൂപ മാസത്തില്‍ 2 ക്ലാസ്സിനല്ലേ? ഇപ്പൊ നമ്മള്‍ എല്ലാ ദിവസവും ക്ലാസ്സ്‌ എടുക്കാറില്ലേ?"

"അത് എന്തുകൊണ്ട് ആദ്യമേ പറഞ്ഞില്ല? അങ്ങനെ നോക്കിയാല്‍ ഞാന്‍ നിങ്ങളെ കമ്പ്യൂട്ടര്‍ പാപ്പിച്ചതിന്റെ  കാശ് എനിക്കിങ്ങോട്ട് തരണമല്ലോ!"

അങ്ങനെ ഒന്ന് പറഞ്ഞ്‌ രണ്ടു പറഞ്ഞ്‌ പൂത്ത അടിയായി! ആള് കൂടി! വൈകുന്നേരം ആയതു കൊണ്ട്സകല തൊട്ടികളും കവലയില്‍ ഉണ്ടായിരുന്നു! സംഗതി മൂത്തപ്പോള്‍ തന്നെ കൂടെ വന്നവരില്‍ ഒരുത്തന്‍ പതിയെ താഴേക്ക്‌ വലിഞ്ഞു! മറ്റവന്‍ ഒന്നും മിണ്ടാതെ അയാളെ തന്നെ നോക്കി നില്‍ക്കുന്നു! ഞാന്‍ ആണെങ്കില്‍ കത്തി കയറുകയാണ്! ഇത്രയും നാളും അയാള്‍ എന്നെ പറ്റിച്ചതിലുള്ള വിഷമവും സങ്കടവും എല്ലാം നല്ല പൊളപ്പന്‍ ഡയലോഗുകള്‍ ആയി തൊണ്ടയില്‍ നിന്ന് അനര്‍ഗ്ഗള  നിര്‍ഗ്ഗളമായി പ്രവഹിച്ചപ്പോള്‍ ശിരോമണി ഒരക്ഷരം തിരിച്ചു പറയാതെ തല താഴ്ത്തി കമ്പ്യൂട്ടറില്‍ തന്നെ നോക്കി ഇരിപ്പായി! സമയം കുറേ കഴിഞ്ഞു. ഏറ്റവും അവസാനം സീന്‍ അവസാനിപ്പിക്കാനുള്ള പഞ്ച് ഡയലോഗ് പറഞ്ഞ്‌ ഞാന്‍ സുരേഷ് ഗോപി സ്റ്റൈലില്‍ "വാടാ!!!!" എന്ന് പറഞ്ഞ്‌ തിരിഞ്ഞു നടന്നു! കുറച്ചങ്ങോട്ട് പോയപ്പോള്‍ ഒരു സംശയം!  ഞാന്‍ തിരിഞ്ഞു നോക്കി! സംശയമല്ല! കൂടെ വന്നവനെ കാണുന്നില്ല! ഞാന്‍ തിരിഞ്ഞു നടന്നു! നോക്കിയപ്പോള്‍ കക്ഷി നിന്ന നില്‍പ്പ് അതെ പോലെ അവിടെ നില്‍ക്കുകയാണ് നമ്മുടെ ശിരോമണിയെയും നോക്കി! ഞാന്‍ വീണ്ടും അങ്ങോട്ടും ചെന്നു.

"ഡോ......................!!!!"

അവിടെ നിന്നവരെല്ലാം ഒന്ന്‍ നോക്കി! ഞാനും! അതെ..അവന്‍ തന്നെ! മുഖമെല്ലാം ചുവന്നു തുടുതിട്ടുണ്ട്. അവനിപ്പോഴാണെന്നു തോന്നുന്നു സംഗതി കത്തിയത്! അളിയന്‍ പിന്നെയും ഡയലോഗ് അടിക്കുകയാണ്!

" തനിക്ക് എന്തിന്‍റെ കേടാടോ? അവന്‍റെ കാശ് മര്യാദയ്ക്ക് കൊടുത്തുടെ?"

ശിരോമണി തല അല്പം ഒന്നുയര്‍ത്തി കണ്ണടയുടെ ഇടയിലൂടെ കാക്ക ക്രാവും പോലെ ഒരു നോട്ടം! എന്നിട്ട് എന്നോടായി :

"കാര്യം എല്ലാം നമ്മള്‍ തമ്മില്‍ പറഞ്ഞിട്ടുണ്ട്! കൂടെ വന്നവനെ വിളിച്ചുകൊണ്ട് പോ!"

അത് കേട്ടപ്പോ അവന്‍ ചാടി റൂമിന്‍റെ അകത്തു കേറിയിട്ട്:

"ഇല്ലെങ്കില്‍ താന്‍ എന്നെ ഒലത്തിക്കളയും! ഒന്ന്‍ പോവ്വേ! വല്ലവന്‍റെ കാശും വാങ്ങി ദര്‍ബാര്‍ അടിച്ചിട്ട് നിന്ന്‍ ന്യായം പറയുന്നോ!കള്ളകെളവന്‍! ഇവന്‍ എന്‍റെ കയ്യില്‍ നിന്നാണ് തനിക്ക് തരാന്‍ കാശ് കടം വാങ്ങിയത്. എനിക്കിപ്പോ കോളേജില്‍ ഫീസ്‌ അടയ്ക്കാന്‍ കാശ് ഇല്ല!"

എന്നിട്ടെന്നോടായി:

"മര്യാദയ്ക്ക് എന്‍റെ കാശ് വാങ്ങിച്ചു തന്നില്ലെങ്കില്‍ എന്‍റെ തനിക്കൊണം നീ അറിയും! ഓര്‍ത്തോ!"

ഞാന്‍ 'മോഹന്‍ ജോ ദാരോ ആരപ്പാ' സ്റ്റൈലില്‍ അന്തം വിട്ടു കുന്തം വിഴുങ്ങി അവന്‍റെ മുഖത്തേക്ക് നോക്കി! ഒരു നിമിഷം! പെട്ടെന്ന് എനിക്ക് ബോധം വീണു! കിട്ടിയ അവസരം മുതലാക്കെണ്ടേ!

ഞാന്‍ : "കേട്ടല്ലോ? മര്യാദയ്ക്ക് ജൂണ്‍ 5 നു എനിക്ക് എന്‍റെ  കാശ് കിട്ടണം!"

സുഹൃത്ത്‌ : "കിട്ടിയില്ലെങ്കില്‍ തന്‍റെ കൂടും കുടുക്കയും സകല കിടുതാപ്പും വലിച്ചിട്ടു ഞാന്‍ കത്തിക്കും ഓര്‍ത്തോ! വാടാ!!!"

ഞങ്ങള്‍ സിനിമ സ്റ്റൈലില്‍ ഹെല്മെടും കറക്കി രാജകീയമായി ബൈക്കില്‍ കയറി സ്റ്റാര്‍ട്ട്‌ ചെയ്ത് അല്പം പോയപ്പോള്‍ പുറകില്‍ നിന്ന് ഒരു കയ്യടിയും ഒപ്പം ഒരു വിളിയും! ഞങ്ങള്‍ തിരിഞ്ഞു നോക്കി! കൂടെ വന്നവരില്‍ ഒരുവന്‍ കയ്യില്‍ പകുതി തോലിച്ച ഒരു പൂവന്‍ പഴവും പിടിച്ചു കൊണ്ട് ഓടി വരുന്നു! അവന്‍ ഓടി വന്നു ബൈക്കില്‍ കയറിയിട്ട് കത്തി ജ്വലിച്ചു നില്‍കുന്ന സുഹൃത്തിനോടായിട്ടു:

"എന്തായി അളിയാ?"

-"ബീപ്"- (സിനിമയില്‍ ഒക്കെ സെന്‍സര്‍ ചെയ്യില്ലേ..അത് തന്നെ! ഹി ഹി !!)

വാല്‍ക്കഷ്ണം :  ഈ സംഭവം കഴിഞ്ഞു എന്‍റെ സുഹൃത്ത്‌ തിരിച്ചു കോളേജില്‍ പോകാന്‍ നിന്നപ്പോള്‍ ശിരോമണിയുടെ ചില കിടുപിടികള്‍ തല്ലാന്‍ പിടിച്ചു എന്നൊരു ശ്രുതി നാട്ടില്‍ പരന്നിരുന്നു. പക്ഷെ അവന്‍ അത് സമ്മതിച്ചു കൊടുത്തിട്ടില്ല. തെളിവും സാക്ഷികളും ഇല്ലാത്തതു കൊണ്ട് കേരള പോലീസിന്‍റെ കേസ് ഡയറി പോലെ അതും തേഞ്ഞു പോയി!

18 comments:

Unknown said...

ബൂലോകത്തേക്ക് സ്വാഗതം.

ആദ്യത്തെ പോസ്റ്റ് എക്സ്- ഗുരുവിനു തന്നെ വെച്ചത് നന്നായി, ഇതൊക്കെയാണ് ഗുരുത്വം എന്ന് പറയുന്നത്!

new said...

ബൂലോകത്തേക്ക് സ്വാഗതം.
അളിയാ ആശംസകള്‍ . ആദ്യ പോസ്റ്റില്‍ എന്നെയും ഉള്ള്പെടുത്തിയത്തിനു നന്ദി ... പൊളപ്പന്‍ പോസ്റ്റുകള്‍ പ്രതിക്ഷിക്കുന്നു

Arjun Rajendran said...

Introduction Vaayichappozhe Sirichu Sirichu Chathu... Chetta... Oru aPAARA Sambhavam Thanne... Parayathe Vayya... Hehe... Full Vaayichu Nokkatte... Ennittu Abhiprayam Parayame...

Unknown said...

Daa.. introduction kalakki....

Unknown said...

btw- വേറൊരു താന്തോന്നി കൂടി ബ്ലോഗ് ലോകത്തിലുണ്ടെന്നാണെന്റെ അറിവ്. :)

തൂവലാൻ said...

ബൂലോകത്തേയ്ക്ക് സ്വാഗതം..

Arjun Rajendran said...

chetta, parayathe vayya... ithu enthiru?? njerichu thallayanna alle?? polappan aayittundu... Thirakadha ezhuthu onnu shramikkunnathu valare nannayirikkum... by the by, aa siromani cash thanno??

താന്തോന്നി said...

@ DPK, neena, തൂവലാൻ : നന്ദി

@നിശാസുരഭി : thanthonni .blogspot .com ആരോ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഞാന്‍ കണ്ടെത്തിയിരുന്നു. പക്ഷെ അത് അവസാനം അപ്ഡേറ്റ് ചെയ്തിരികുന്നത് 2006 septemberil ആണ്.

@ Arjun Rajendran: ഹി ഹി നന്ദി! തിരക്കഥ എഴുതാന്‍ ചെറിയ ആലോചനയുണ്ട്.. ആദ്യം ഒന്ന് എഴുതി തെളിയട്ടെ!

Gauri Sri Nath said...

Kidu..

Thirakatha ezhutunathinod njanum yojikunu..

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

ബൂലോകത്തേക്ക് സ്വാഗതം

Unknown said...

സ്വാഗതം.

Anurag said...

kollam keto

താന്തോന്നി said...

@ Gauri, Abdul, ജുവൈരിയ സലാം, അനുരാഗ്:

പോസ്റ്റ്‌ വായിച്ചതിലും അഭിപ്രായം പറഞ്ഞതിലും വളരെ നന്ദി!

safeer said...

haha...dinesha kollam keto..kurachokke blunderadikukakyum venam...enna sangadhi cenemayakum!.

Anonymous said...

ഒരു ഗുരുവിന്റെ ശാപം ഏറ്റുവാങ്ങേണ്ടി വന്നു അല്ലേ? ഗുരുവിന്റെ പേര് 'വിശ്വാമിത്രന്'‍ എന്നു ആകാഞ്ഞത് ഭാഗ്യം...

എഴുത്ത് കൊള്ളം, വീണ്ടും എഴുതുക.... ഭാവിയില്‍ ആരാകുമെന്നു പറയാന്‍ പറ്റില്ലല്ലോ!!

Unknown said...

ഡേയ്! നിന്നെ വല്ലവരും തട്ടിയൊ? അതോ ഒരെണ്ണം കാച്ചി പണി നിർത്തിയോ. അതു എന്തരു പണീ? . ഒന്നു രസം പിടിച്ചു വന്ന്പ്പോഴേക്കും അവൻ സ്ഥലം കാലിയാക്കി.വല്ലതും കൂടി എഴുതഡെയ് കൊച്ചനെ. വായിക്കട്ടെ. നീ പുലി ആണല്ലൊ. നിന്റെ സ്റ്റൈൽ കൊള്ളാമടൈ!

Anonymous said...

ezuthiyathu ishtamaayi. only 2 post kaanaanullu allo. eniyum ezuthikkoode ?

Anonymous said...

Cool and that i have a neat present: How Long Does House Renovation Take my home renovation

Post a Comment